നെന്മാറ: ഇന്നലെ രാവിലെ പെയ്ത കനത്ത മഴയിലും കാറ്റിലും നെന്മാറ- പോത്തുണ്ടി റോഡ് അളുവശേരിയിൽ തേക്കുമരം കടപുഴകി വീണ് ഗതാഗതം പൂർണമായും തടസപ്പെട്ടു. രാവിലെ ഒന്പതിനായിരുന്നു സംഭവം.
വാഹന ഗതാഗതം മണിക്കൂറുകളോളം നിലച്ചതോടെ യാത്രക്കാർ വലിയ ദുരിതത്തിലായി. സംഭവസമയത്ത് സ്കൂളുകളിലേക്കും കോളജുകളിലേക്കും പോകുകയായിരുന്ന വിദ്യാർഥികളും നെല്ലിയാമ്പതിയിലേക്കും സമീപ പ്രദേശങ്ങളിലേക്കും ജോലിക്കായി യാത്രതിരിച്ച തൊഴിലാളികളും ഏറെ ബുദ്ധിമുട്ടിലായി.
മരം വീഴുന്നതിനിടെ സമീപത്തുകൂടി കടന്നുപോയ വൈദ്യുതി ലൈനുകളിലും തട്ടിയതിനാൽ വൈദ്യുതി പോസ്റ്റിനും കേടുപാടുകൾ സംഭവിച്ചു. ഇതോടെ പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെടുകയും നിരവധി വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി മുടക്കം അനുഭവപ്പെടുകയും ചെയ്തു. അഗ്നിരക്ഷാസേനയും വൈദ്യുതി വകുപ്പ് അധികൃതരുമെത്തി മരം മുറിച്ചുമാറ്റി. വൈകുന്നേരത്തോടെ വൈദ്യുതി പുനസ്ഥാപിക്കുകയും ചെയ്തു.